സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിവരങ്ങൾ വീണ്ടെടുത്തത് അമേരിക്കയുടെ സഹായത്തോടെ.
യുഎസ് സർക്കാരിന്റെ ദേശീയ ഗതാഗത സുരക്ഷാ ബോർഡിന്റെ കിറ്റിന്റെ സഹായത്തോടെയാണു ബ്ലാക്ക് ബോക്സ് വിവരങ്ങൾ വീണ്ടെടുത്തതെന്ന് അപകടത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടായി പത്തു ദിവസത്തിനു ശേഷമാണ് ഈ കിറ്റ് അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. ദുരന്തത്തിന്റെ തീവ്രത വലുതായതിനാൽ പരമാവധി നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെടുത്ത ബ്ലാക്ക് ബോക്സിൽനിന്ന് പരന്പരാഗത രീതികളിലൂടെ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയുമായിരുന്നില്ല.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽനിന്ന് ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങളും ഡൗണ്‍ലോഡ് കേബിളുകളും അമേരിക്കയുടെ എൻടിഎസ്ബിയിൽനിന്നു ലഭിച്ചത് ജൂണ്‍ 23നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് ഒരു ദിവസത്തിനുശേഷം 24നാണ് ബ്ലാക്ക് ബോക്സുകൾ ഡൽഹിയിലേക്കെത്തിച്ചു പരിശോധന നടത്തിയത്. അമേരിക്കയിൽനിന്ന് ഉപകരണങ്ങളെത്താൻ താമസിച്ചതിനാലാണ് ബ്ലാക്ക് ബോക്സിൽനിന്നുള്ള വിവരങ്ങൾ പുറത്തുവരുന്നതിലും കാലതാമസമുണ്ടായത്.